മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ താനൂര്‍
ബ്ളോക്കിലാണ് ഒഴൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961-ല്‍
രൂപീകൃതമായ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 16.2 ചതുരശ്ര കിലോമീറ്റര്‍ ആണ്.
17 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്ന പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക്
താനൂര്‍, നന്നമ്പ്ര, തെന്നല ഗ്രാമപഞ്ചായത്തുകള്‍, തെക്ക് പൊന്‍മുണ്ടം,
നിറമരുതൂര്‍, താനൂളൂര്‍ ഗ്രാമപഞ്ചായത്തുകള്‍, കിഴക്ക് തെന്നല,
പെരുമണ്ണ-ക്ളാരി, പൊന്‍മുണ്ടം ഗ്രാമപഞ്ചായത്തുകള്‍, പടിഞ്ഞാറ് താനൂര്‍,
താനാളൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ്. ഒഴൂര്‍ ഗ്രാമപഞ്ചായത്തിലെ
മൊത്തം ജനസംഖ്യ 71595-ആണ്്. മൊത്തം ജനതയുടെ സാക്ഷരതാ നിരക്ക് 93 ശതമാനം
ആണ്. ഭൂപ്രകൃതി അനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പഞ്ചായത്താണ് ഒഴൂര്‍.
കുന്നിന്‍ പ്രദേശങ്ങളും, താഴ്വരകളിലുള്ള നെല്‍വയലുകളും, നിരപ്പായ
പ്രദേശങ്ങളും അടങ്ങിയ ഒഴൂര്‍ പഞ്ചായത്തില്‍ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍
നെല്ല്, തെങ്ങ്, കവുങ്ങ്, വെറ്റില, വാഴ, കുരുമുളക്, മരച്ചീനി,
പച്ചക്കറികള്‍, കശുമാവ്, പയര്‍ എന്നിവയാണ്. ഉപരിതലസ്രോതസ്സായി 23 കുളങ്ങള്‍
പഞ്ചായത്തിലുണ്ട്. മണലിപ്പുഴ, നിരപ്പിന്‍മുകള്‍ കുന്ന്, അയ്യായക്കുന്ന്,
ചുരങ്ങരക്കുന്ന്, പറപ്പാറപ്പുറം, കുന്നക്കാട് എന്നിവയാണ് പഞ്ചായത്തിലെ
പ്രധാന കുന്നുകള്‍. കുടിവെള്ളത്തിനായി ജനങ്ങള്‍ കിണറുകളെ ആശ്രയിക്കുന്ന
പഞ്ചായത്തില്‍ സ്വകാര്യ കിണറുകളെ കൂടാതെ 19 പൊതുകിണറുകളും 12 പൊതുകുടിവെള്ള
ടാപ്പുകളും ശുദ്ധജല വിതരണത്തിനായി ഉപയോഗിക്കുന്നു. പഞ്ചായത്തിന്റെ
വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നതിനായി 91
തെരുവുവിളക്കുകള്‍ അങ്ങിങ്ങായി സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ
വെള്ളച്ചാല്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന നരിമട, സ്രാബിയ, കരിങ്കപ്പാറ
വെള്ളച്ചാട്ടം എന്നിവ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന
കേന്ദ്രങ്ങളാണ്. പഞ്ചായത്തിന്റെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന
വിമാനത്താവളം കരിപ്പൂര്‍ വിമാനത്താവളമാണ്. താനൂര്‍ റെയില്‍വേ സ്റ്റേഷനാണ്
പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. ബേപ്പൂര്‍ തുറമുഖമാണ്
പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം. പഞ്ചായത്തിനോട്
ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന മത്സ്യബന്ധന തുറമുഖമാണ് പൊന്നാനി
തുറമുഖം. താനൂര്‍ ബസ് സ്റ്റാന്റ്, തിരൂര്‍ ബസ് സ്റ്റാന്റ് എന്നിവയാണ്
പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന രണ്ട് പ്രധാന
സ്ഥലങ്ങള്‍. നെയ്യാല-ഇട്ടിലാക്കല്‍ റോഡ്, പുല്‍പ്പറമ്പ്-നാലിടവഴി റോഡ്,
വെള്ളച്ചാല്‍ പുത്തന്‍ തെരുവ് റോഡ് എന്നിവയുള്‍പ്പെടെ 13-ലേറെ റോഡുകള്‍
പഞ്ചായത്തിലൂടെ കടന്നുപോകുന്നു. എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍
ഒന്നും തന്നെ ഇല്ലെങ്കിലും റൈഡ് മില്ല്, ഓയില്‍ മില്ല്, ഫര്‍ണിച്ചര്‍
നിര്‍മ്മാണം, ഇരുമ്പ് കൊണ്ടുള്ള വസ്തുക്കളുടെ നിര്‍മ്മാണം എന്നീ വിവിധയിനം
ചെറുകിട വ്യവസായ യൂണിറ്റുകള്‍ പഞ്ചായത്തില്‍ അങ്ങിങ്ങായി പ്രവര്‍ത്തിച്ചു
വരുന്നു. കൂട്ട നെയ്ത്ത്, പായ നെയ്ത്ത്, മണ്‍പാത്ര നിര്‍മ്മാണം തുടങ്ങിയ
പരമ്പാരഗത വ്യവസായങ്ങളുടെ യൂണിറ്റുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.
കൂടാതെ നിരവധി കൈത്തറി വ്യവസായ യൂണിറ്റുകളും, കൈത്തറി സഹകരണ സംഘവും
പഞ്ചായത്തില്‍ ഉണ്ട്. കൂടാതെ റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണത്തിലേക്ക്
ആവശ്യമായ കോട്ടണ്‍ ടേപ്പ് നിര്‍മ്മിക്കുന്ന ഒരു സ്ഥാപനവും
പഞ്ചായത്തിലുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ പള്ളിപീടിക,
പറപ്പാറപ്പുറം, തലകൊട്ടൂര്‍, മണലിപ്പുഴ, ഒഴൂര്‍, അയ്യായ, വെള്ളച്ചാല്‍,
എരനെല്ലൂര്‍, പുല്‍പ്പറമ്പ്, ചുരങ്ങര എന്നിവിടങ്ങളിലായി 10 റേഷന്‍ കടകള്‍
പ്രവര്‍ത്തിക്കുന്നു. വെള്ളച്ചാലില്‍ പ്രവര്‍ത്തിക്കുന്ന മാവേലി സ്റ്റോര്‍
പൊതുവിതരണരംഗത്തെ മറ്റൊരു സംവിധാനമാണ്. കരിങ്കപ്പാറ, ഒഴൂര്‍, വെള്ളച്ചാല്‍
എന്നിവ പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളാണ്. ഒഴൂര്‍ പഞ്ചായത്തിലെ
ജനസംഖ്യയില്‍ കൂടുതലും മുസ്ളീങ്ങള്‍ ആണെങ്കിലും ഹിന്ദുമതത്തിലെ
നാനാജാതിക്കാരും ഇവിടെ വസിക്കുന്നുണ്ട്. ഇവരുടേതായി നിരവധി ആരാധനാലയങ്ങള്‍
പഞ്ചായത്തിലുണ്ട്. ഓമച്ചപ്പുഴ വിഷ്ണു ക്ഷേത്രം, അയ്യായ ശിവക്ഷേത്രം
എന്നിവയുള്‍പ്പെടെ 8 ക്ഷേത്രങ്ങളും കരിങ്കപ്പാറ ജുമാമസ്ജിദ്, പുല്‍പ്പറമ്പ്
ജൂമാമസ്ജിദ് എന്നിവയുള്‍പ്പെടെ 11 മുസ്ലീം പള്ളികളും പഞ്ചായത്തില്‍
അങ്ങിങ്ങായി നിലകൊള്ളുന്നു. കക്കാട്ട് കുന്നുവേല, അയ്യായ നേര്‍ച്ച,
പുത്തന്‍പള്ളി നേര്‍ച്ച എന്നിവ പഞ്ചായത്തിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട
പ്രധാന ആഘോഷങ്ങളാണ്. 600 വര്‍ഷം പഴക്കമുള്ള കക്കാട് കുന്ന് വേല കക്കാട്
കുന്നത്ത്് ഭഗവതി ക്ഷേത്രത്തിലാണ് നടക്കുന്നത്. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ
അനുജത്തിയെ കക്കാട് കുന്നത്ത്് പ്രതിഷ്ഠിച്ചു എന്നതാണ് ഇതിന് പിന്നിലെ
ഐതിഹ്യം. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന വേലയുമായി ബന്ധപ്പെട്ട്
നടക്കുന്ന കാളവരവ് ഒരപൂര്‍വ്വ കാഴ്ച തന്നെയാണ്. പുതരിക്കാട്ട് ഇല്ലം വക
മൂസത് നല്‍കിയ സ്ഥലത്ത് നിര്‍മ്മിച്ച അയ്യായ ജാറത്തില്‍ വച്ച് നടത്തുന്ന
അയ്യായ നേര്‍ച്ചയ്ക്ക് ഏതാണ്ട് 100 വര്‍ഷം പഴക്കമുണ്ട്. ഒരു സര്‍വ്വമത
നേര്‍ച്ചയായാണ് ഈ നാട്ടിലെ ജനങ്ങള്‍ ഇതിനെ കണക്കാക്കുന്നത്. മറവ്
വെട്ടിന്റെ ഓര്‍മ്മയ്ക്കായ് നടത്തുന്ന പുത്തന്‍ പള്ളി നേര്‍ച്ചയാണ്
പഞ്ചായത്തിലെ മറ്റൊരു പ്രധാന ആഘോഷം. പൊതുപ്രവര്‍ത്തകരായ
പി.കെ.കുഞ്ഞുമൊയ്തീന്‍ ഹാജി, കെ.കെ.സെയ്ദാലി ഹാജി എന്നിവര്‍ ഈ
പഞ്ചായത്തിന്റെ അഭിമാനങ്ങള്‍ ആയിരുന്നു. പഞ്ചായത്ത് തലത്തിലും, ബ്ളോക്ക്
തലത്തിലും കാര്‍ഷിക മേഖലയില്‍ നിരവധി അവാര്‍ഡുകള്‍ നേടിയ നീലകണ്ഠന്‍
നമ്പീശന്‍ ഈ പഞ്ചായത്തിന്റെ അഭിമാനമാണ്. ആരോഗ്യപരിപാലനരംഗത്ത് സജീവമായി
പ്രവര്‍ത്തിക്കുന്ന നിരവധി ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്.
പഞ്ചായത്തില്‍ ഒഴൂരിലെ പെരിഞ്ചരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും
അയ്യായ്യക്കടുത്ത് വെള്ളച്ചാലില്‍ ഒരു എഫ്.ഡബ്യു. സെന്ററും
പ്രവര്‍ത്തിക്കുന്നു. കൂടാതെ ഒഴൂരില്‍ ഒരു ആയൂര്‍വേദ ഡിസ്പെന്‍സറിയും
പ്രവര്‍ത്തിക്കുന്നു. കതിര്‍കുളങ്ങര, അപ്പട, കോറാട്, മണലിപ്പുഴ,
കരിങ്കപ്പാറ എന്നിവിടങ്ങളില്‍ ഐ.പി.പി. സബ് സെന്ററുകളും
പ്രവര്‍ത്തിക്കുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ഒരു മൃഗാശുപത്രി
പറപ്പാറപുറം നടുവിലങ്ങാടിയില്‍ സ്ഥിതി ചെയ്യുന്നു. 1915-ല്‍ സ്ഥാപിതമായ
ഒഴൂര്‍, കരിങ്കപ്പാറ എലിമെന്ററി സ്കൂളുകളാണ് പഞ്ചായത്തിലെ ആദ്യത്തെ
വിദ്യാലയങ്ങള്‍. 2010-ല്‍ എത്തി നില്‍ക്കുമ്പോള്‍ സ്വകാര്യ മേഖലയില്‍ 6
സ്കൂളുകളും സര്‍ക്കാര്‍ മേഖലയില്‍ 6 സ്കൂളുകളും പഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്നു. ഇതില്‍ 1982-ല്‍ സ്ഥാപിതമായ ഒഴൂര്‍
സി.പി.പി.എം.എച്ച്.എസ് ആണ് പഞ്ചായത്തിലെ ഏക ഹൈസ്കൂള്‍. കൂടാതെ നിരവധി
അംഗന്‍വാടികളും പഞ്ചായത്തില്‍ ഉണ്ട്. പഞ്ചായത്തില്‍ രണ്ട് സഹകരണ ബാങ്കുകള്‍
പ്രവര്‍ത്തിക്കുന്നു. സി.എച്ച്.മുഹമ്മദ് കോയ സ്മാരക സാംസ്കാരിക നിലയം
പഞ്ചായത്തിലെ പ്രധാനപ്പെട്ട വായനശാലയാണ്. 1992-ല്‍ സ്ഥാപിക്കപ്പെട്ട ഇത്
ഇപ്പോള്‍ ഒഴൂര്‍ പഞ്ചായത്ത് ലൈബ്രറി എന്ന പേരില്‍ അറിയപ്പെടുന്നു.
പഞ്ചായത്തിലെ കൃഷിഭവനും, വില്ലേജ് ഓഫീസും, പഞ്ചായത്ത് ഓഫീസും
പുല്‍പ്പറമ്പില്‍ സ്ഥിതി ചെയ്യുന്നു. ഒഴൂര്‍, വെള്ളച്ചാല്‍, ഓമച്ചപ്പുഴ
എന്നിവിടങ്ങളിലാണ് തപാല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ടെലിഫോണ്‍
എക്സ്ചേഞ്ച് പഞ്ചായത്തിലെ കരിങ്കപ്പാറയില്‍ സ്ഥിതി ചെയ്യുന്നു.
അറബിക്കടലില്‍ നിന്നും ഏകദേശം 7 കിലോമീറ്റര്‍ കിഴക്ക് മാറിയാണ് ഒഴൂര്‍
ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വെറ്റില കൃഷി കൊണ്ട് ശ്രദ്ധയേമാണ്
ഒഴൂര്‍ പഞ്ചായത്ത്. സ്വന്തം ഭൂമിയിലും പാട്ടത്തിന് ഭൂമിയെടുത്തും
വിജയകരമായി വെറ്റില കൃഷി ചെയ്യുന്ന ധാരാളം കര്‍ഷകര്‍ ഈ പഞ്ചായത്തിലുണ്ട്.
സാംസ്കാരിക കേന്ദ്രങ്ങള്‍ ഒഴൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇല്ലെങ്കിലും 28
വര്‍ഷം പഴക്കമുള്ള സരിഗമ സംഗീത സ്ക്കൂള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ
സ്ഥാപനം വെള്ളച്ചാലിലാണ് സ്ഥിതി ചെയ്യുന്നത്. ടൂറിസ്റുകളെ ആകര്‍ഷിക്കുന്ന
നിരവധി സ്ഥലങ്ങള്‍ പഞ്ചായത്തിലുണ്ട്. അവയില്‍ ഏറ്റവും പ്രധാനമാണ്
വെള്ളച്ചാലില്‍ സ്ഥിതി ചെയ്യുന്ന നരിമട. നിരവധി വര്‍ഷം പഴക്കമുള്ള ഈ
സ്ഥലത്തിന് മുകളില്‍ നിന്നും നോക്കിയാല്‍ താനൂര്‍ കടപുറത്തിന്റെ മനോഹരമായ
ദൃശ്യം കാണാം. ചരിത്രാതിത യുഗത്തോളം പഴക്കമുള്ള ഈ ഗുഹാമുഖത്തിന് 15
മീറ്റര്‍ നീളവും 18 മീറ്റര്‍ വീതിയുമുണ്ട്. ഒരാള്‍ക്ക് 100 മീറ്റര്‍ വരെ ഈ
ഗുഹയിലൂടെ ഉള്ളിലേക്ക് കടന്നുപോകാം. പിന്നീട് കടന്നുപോകാന്‍ ഓക്സിജന്‍
മാസ്ക് ആവശ്യമാണ്. പഞ്ചായത്തിലെ മറ്റൊരു പ്രധാന സ്ഥലമാണ് അയ്യായയില്‍
സ്ഥിതി ചെയ്യുന്ന സ്രാബിയ. 250 വര്‍ഷം പഴക്കമുള്ള ഇത് നിസ്ക്കാരത്തിന്
വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. 3 അടി ഉയരത്തില്‍ പൂര്‍ണ്ണമായും മരം കൊണ്ട്
നിര്‍മ്മിച്ചിരിക്കുന്ന ഈ കൂട്ടില്‍ ഏകദേശം 10 ആളുകള്‍ക്ക് നിസ്കരിക്കാന്‍
കഴിയും. ഇതിന് സമീപത്തായി ഒരു കുളവും ഉണ്ട്. മറ്റൊരു പ്രധാന വിനോദ സഞ്ചാര
കേന്ദ്രമാണ് കരിങ്കപ്പാറ വെള്ളച്ചാട്ടം. ഏതാണ്ട് 10 അടി ഉയരത്തില്‍ നിന്നും
വീഴുന്ന വെള്ളം ഒരു പാടത്ത് നിന്നാണ് ഒഴുകി വരുന്നത്. പിന്നീടത്
കരിങ്കപ്പാറ തോട്ടില്‍ ചെന്നു ചേരും. ഈ വെള്ളച്ചാട്ടം മഴക്കാലത്ത് വളരെ
ഭംഗിയേറിയ ഒരു ദൃശ്യമാണ്.
No comments:
Post a Comment