Friday, May 17, 2013

ഒരു മഴക്കാല അനുഭവം......


കുട്ടിക്കാലത്ത് മഴക്കാലമായാല് തോട്ടിലും കുളത്തിലും ഒക്കെ ചാടിക്കുളിക്കാന് നല്ല ഇഷ്ടമായിരുന്നു. വളരെ പെട്ടെന്ന് തന്നെ നീന്താന് പഠിച്ചു. അന്നൊക്കെ സ്കൂള് വിട്ട് വന്നാല് ഉമ്മ എന്തൊങ്കിലും തിന്നാന് വിളമ്പി വെച്ചിട്ടുണ്ടാവും. അതും കഴിച്ച് മെല്ലെ ആരും കാണാതെ ബാത്റൂമില് പോയി തോര്ത്ത് മുണ്ടെടുത്ത് അരയില് കെട്ടും. (തോട്ടില് ചാടാന് പോയാല് ഉമ്മ വയക്ക് പറയും. പൂതിക്ക് എപ്പോയെങ്കിലും ഒക്കെ പോയാപോരെ എന്ന് ചോദിക്കും. നമുക്കുണ്ടോ അത് പറ്റുന്നു.) എന്നിട്ട് ഒരറ്റ ഓട്ടമാണ് പാടത്തേക്ക്. തോര്ത്ത് മുണ്ട് അരയില് ചുറ്റി വസ്ത്രങ്ങളെല്ലാം ചുരുട്ടിക്കൂട്ടി ഒരു കവറില് പൊതിഞ്ഞ് പൊന്തക്കാട്ടില് ഒളിപ്പിച്ച് വെച്ചിട്ട് പിന്നെ കൂട്ടുകാരോടൊന്നിച്ച് ഒരു കൂത്താട്ടമാണ്. നല്ല ഒഴുക്കുള്ള തോട്ടില് ചാടി നീന്തി രസിക്കുക........... ഓര്ക്കുമ്പോ ഇന്നും കൊതിയാവുന്നു. കഴിഞ്ഞ വെക്കേഷന് പോയപ്പോ ഒന്ന് നീന്തി കുളിക്കണം എന്ന് ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല.
ഒരു ദിവസം അങ്ങിനെ നീന്തിക്കുളിച്ച് കൊണ്ടിരിക്കുമ്പോള് (നല്ല ഒഴുക്കുള്ള സമയത്താണ്)  നീന്തി വരുമ്പോള് പിടിച്ച് കയറുന്ന സ്ഥലത്ത് പിടി വിട്ടു. ഞാന് ഒലിച്ച് പോയി. പിന്നീടങ്ങോട്ട് ഒഴുക്കിന് സ്പീട് കൂടുതലാണ് ഞാന് തോട്ടിന്റെ വക്കിലുള്ള കുറ്റിച്ചെടികളിലും മറ്റും പിടിച്ച് നോക്കി ഒഴുക്കിന്റെ ശക്തികൊണ്ട് അതെല്ലാം എന്റെ കയ്യില് പറിഞ്ഞ് പോരുന്നു. അപ്പോഴേക്കും ഞാനാകെ തളര്ന്നിരുന്നു. ഞാന് പിടി വിട്ട് ഒലിച്ച് പോവുന്നത് കണ്ടപ്പോഴെ കൂട്ടുകാര് തോട് വരമ്പിലൂടെ എന്റെ പിറകെ വരുന്നുണ്ടായിരുന്നു. അവര് കുറെ മുമ്പോട്ട് ഓടി കയ്യും കാലും ഒക്കെ ഇട്ട് തരുന്നുണ്ട്. പക്ഷേ എനിക്ക് പിടുത്തം കിട്ടുന്നില്ല. കുറെ കൂടി താഴോട്ട് പോയാല് പിന്നെ ഒരു വലിയ ചുഴിയാണ് അവിടെ ചെന്നാല് പിന്നെ മുങ്ങിത്താഴും ഉറപ്പാണ് കാരണം ഞാനാകെ തളര്ന്നിരുന്നു.
ഞാന് സര്വ്വ ശക്തിയും എടുത്ത് തോടിന്റെ ഭിത്തിയിലെല്ലാം പിടിച്ച് നോക്കി കൈപ്പത്തിയിലെ തോല് പോയത് മിച്ചം. കുറച്ച് കൂടി പോയപ്പോ സുഹൃത്ത് കൂറെ മുമ്പോട്ട് ഓടി കാല് തോട്ടിലേക്കിട്ടിട്ട് എന്നോട് കാലില് പിടിക്കാന് പറഞ്ഞു. എനിക്ക് ഭാഗ്യത്തിന് ഇടത് കൈക്കൊണ്ട് അവന്റെ കാലിലെ തള്ളവിരലില് ഒരു പിടുത്തം കിട്ടി. പെട്ടെന്ന് വലത് കൈകൊണ്ട് കാലിന്റെ ഞെരിയാണി ഭാഗത്ത് പിടിച്ചു. കുറച്ച് നേരം ഒന്നും ചെയ്യാനാകാതെ അവന്റെ കാലില് പിടിച്ച് അങ്ങിനെ നിന്നു. പിന്നീട് കൂട്ടുകാരെല്ലാരും കൂടി വലിച്ച് കയറ്റി. തളര്ന്നവശനായി ഞാനാ തോട്ട് വരമ്പില് കുറച്ച് നേരം കിടന്നു. മേലാകെ ഭയങ്കര നീറ്റല് കാരണം ചുള്ളിക്കാട്ടിലൂടെയാണ് ഞാന് ഒലിച്ച് പോയിട്ടുള്ളത് മേലാകെ കോറിയിരുന്നു. (ഇപ്പോ അവിടെയെല്ലാം നല്ല വീതിയില് കരിങ്കല്ല് മതില് കെട്ടിയിരിക്കുന്നു.) പിന്നീട് പള്ളിക്കുളത്ത് പോയി കുളിച്ച് ഫ്രഷായി......... (തോട്ടിലെ കുളി കഴിഞ്ഞ ശേഷം ഫ്രഷ് കുളി പള്ളിക്കുളത്തില് വെച്ചാണ്. കാരണം തോട്ടിലെ വെള്ളത്തിനെക്കായും തെളിഞ്ഞ വെള്ളമാണ് പള്ളിക്കുളത്തിലെ വെള്ളം) ഡ്രസ്സെല്ലാം എടുത്തുടുത്ത് പഴയ പടി തോര്ത്ത് മുണ്ട് അരയില് ചുറ്റി വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ പാടെ ഉമ്മാക്ക് കാര്യം മനസ്സിലായി തോട്ടില് ചാടാന് പോയതാണെന്ന്. കാരണം കണ്ണ് രണ്ടും നന്നായി ചുവന്നിരുന്നു. നേരം വൈകിയതിന് ഉമ്മ ഒരുപാട് വയക്ക് പറഞ്ഞു. പിറ്റെ ദിവസം തന്നെ തോട്ടില് ഒലിച്ച് പോയ വിവരം ആരോ പറഞ്ഞ് ഉമ്മ അറിഞ്ഞു. പിന്നെ രണ്ട് ദിവസത്തിന് പോവാന് അനുവദിച്ചില്ല


എല്ലാ കരിങ്കപ്പാറക്കാരും ഈ പേജ് ലൈക്ക് ചെയ്യണം
കരിങ്കപ്പാറ - Karingappara